Pages

September 5, 2007

“ഒരു ജനനം കൂടി...”

കുറേ നാളായുള്ള ശീലമല്ലേ? അവള്‍ ചാരെ ഇല്ലെങ്കില്‍ രാത്രികള്‍ നിദ്രാവിഹീനങള്‍ ആകുന്നു..
അങനെ പഴയ കാര്യങള്‍ ഓര്‍ത്തെടുത്തപ്പോള്‍ ആണ് അവള്‍ എഴുതിയ വേറൊരു കവിതയെ പറ്റി ഓര്‍ത്തത്..
ആദ്യത്തേക്കാള്‍ എനിക്കിഷ്ട്ടമായത് ഇതാണ്...

“ഒരു ജനനം കൂടി”

ജനിച്ചൂ, ഒരു പുത്രന്‍ കൂടി ഭൂമിയില്‍
അവന്റെ ആഗമനത്തിന്‍ പെരുമ്പറ
ദിഗന്തങള്‍ കിടുങ്ങുമാറുച്ചത്തില്‍ മുഴക്കവേ
ജനിച്ചൂ, ഒരു പുത്രന്‍ കൂടി ഭൂമിയില്‍
ഹൃദയത്തിന്‍ മുറിവുകളില്‍ നിന്നുമൊരിറ്റ്,
ചുടു നിണം അവളുടെ മാറില്‍ വീഴ്ത്താന്‍
അവളുടെ മിഴികളൊരു കണ്ണീര്‍ പുഴയാക്കാന്‍
വീണ്ടുമൊരു പുത്രന്‍ ജനിച്ചു.
മാതൃത്വത്തിന്റെ ഇടിതാളമവളുടെ
നെഞ്ചറകളിലൊരു ദുന്ദുഭി മുഴക്കുമ്പോള്‍
അവളുടെ മുലകളില്‍ രുധിരത്തിന്‍
സ്വാദു തിരയുന്നൊരോമല്‍ പുത്രന്‍ ജനിച്ചു.
അവളുടെ നെഞ്ചില്‍ കുടികൊള്ളും സ്നേഹ-
ത്തിനാഴമറിയാത്തൊരാ, മകന്‍
ആ മനോപുഷ്പ്പത്തെ വെട്ടുന്നു, കുത്തുന്നു
ഒരടര്‍ക്കളമാക്കി മാറ്റുന്നു.
അവളില്‍ വിങ്ങുന്ന ദു:ഖസാഗരത്തി-
നാഴമറിയുന്നൊരീ ഞാന്‍, നിസ്സഹായയായി
‘ഭൂമിക്കൊരു ചരംഗീതം’ കുറിച്ച പ്രവാചകാ,
അങുതന്‍ വാക്യങള്‍ ആവര്‍ത്തിക്കട്ടെ
‘ആസന്നമരണയാണു ഭൂമി
മാനഭംഗത്തിന്റെ മാറാപ്പുമേന്തിയവള്‍
സൌരയൂഥവീഥികളിലെങ്ങോ അലയുന്നു’
ദേവീ, നിനക്കുഞാന്‍ സ്വച്ഛന്ദമൃത്യു നേരുന്നു.
നിന്നിലെ ആത്മാവിനവസാന സ്പന്ദനം
വരേയും നിനക്കായ് പ്രാര്‍ത്ഥിക്കാം ഞാന്‍.
അമ്മതന്‍ മാറില്‍ കൊലക്കത്തി താഴ്ത്തും
മറ്റൊരു മകളായി മാറാതിരിക്കാം.

7 അഭിപ്രായങള്‍:

Anonymous said...

വീണ്ടും...

ഇപ്രാവശ്യം “ഒരു ജനനം കൂടി..."

‘ഭൂമിക്കൊരു ചരംഗീതം’ കുറിച്ച പ്രവാചകാ,
അങുതന്‍ വക്യങള്‍ ആവര്‍ത്തിക്കട്ടെ
‘ആസന്നമരണയാണു ഭൂമി
മാനഭംഗത്തിന്റെ മാറാപ്പുമേന്തിയവള്‍
സൌരയൂഥവീഥികളിലെങ്ങോ അലയുന്നു’

കണ്ണൂരാന്‍ - KANNURAN said...

ബെറ്റര്‍ ഹാഫിന്റെ 2 കവിതകളും വായിച്ചു, ഒന്നാമത്തേതിനേക്കാള്‍ രണ്ടാമത്തതു തന്നെ ബെറ്റര്‍..

Anonymous said...

കണ്ണൂരാനെ, എന്താ എന്നറിയാമോ? ആദ്യത്തേത് അവള്‍ എനിക്കെഴുതിയതാ.. അപ്പോ പിന്നെ നോര്‍മല്‍ ആയി അതിച്ചിരി പഞ്ചാര കൂടി പോയോ എന്ന് ആര്‍ക്കും തോന്നാം. :)

Vish..| ആലപ്പുഴക്കാരന്‍ said...

അത് ശരിയാ ഷാന്‍.. അതല്ലേ ഞാനും പറഞത്.. എനിക്കിഷ്ട്ടമായത് ഇത് തന്നെ.. :)

അല്ലേലും എനിക്കു പണ്ട് തൊട്ടേ റൊമാന്റിസം അത്ര പിടിക്കുന്നില്ല.. ;)

ജാസൂട്ടി said...

വായിച്ചു...ഇഷ്ട‌്‌ടമായി...നല്ലപോലെ എഴുതുന്നുണ്ടല്ലോ ബെറ്റര്‍ ഹാഫ്...
എന്റെ ആശംസകള്‍ അറിയിച്ചേക്കൂ...

തിരിച്ചു വരുമ്പോള്‍ ചേച്ചിയോടും ഒരു ബ്ലോഗ് ഒക്കെ തുടങ്ങാന്‍ പറയൂ...വനിതകളുടെ എണ്ണം കൂടട്ടെ :)

ശ്രീ said...

ഇതും നന്നായിട്ടുണ്ട് മാഷേ...
:)
ആശംസകള്‍‌ രണ്ടു പേര്‍‌ക്കും.

Vish..| ആലപ്പുഴക്കാരന്‍ said...

അത് വേണോ ജാസൂ? അവള്‍ വന്നാല്‍ പിന്നെ എഴുത്തില്‍ എന്റെ മാര്‍ക്കെറ്റ് ഇടിഞ്ഞാലൊ?

;)

നന്ദി ശ്രീ... രണ്ട് പേരുടേയും ആശംസകള്‍ അറിയിച്ചിട്ടുണ്ട്..
(അവള്‍ക്ക് എന്നെ വിശ്വാസമില്ലാത്തെതുകൊണ്ട് ഇടയ്ക്കിടെ വന്ന് നോക്കിക്കോളും ;) )