Pages

September 28, 2007

- മൂപ്പന്റെ കോടതി -

അന്ന് ഞാന്‍ തൃശ്ശൂര്‍ എന്‍ എസ് എസ് സ്കൂളില്‍ പഠിക്കുന്ന സമയം.. ഇടയ്ക്കിടെ അച്ഛന്റെ ഓഫീസില്‍ പോയി ഇരിക്കുക എന്നത് എന്റെ വിനോദം ആയിരുന്നു , വിശ്വസം ഇല്ലാത്തതു കൊണ്ട് വിളിച്ചോണ്ട് പോകുന്നതൊന്നുമല്ല.. (ഇത് പറഞ്ഞപ്പൊ ഞാന്‍ കള്ളം പറയുകയാ എന്ന് തോന്നിയോ? ഹേയ്..)

ഒരു ശനിയാഴ്ച്ച അവരുടെ അവിടെ എന്തോ പരിപാടികള്‍ നടക്കുന്നു.. ഫൗണ്ടേഴ്സ് ഡേ പോലെ എന്തോ ഒന്ന്.. അന്ന് അവര്‍ സ്റ്റേജില്‍ അവതരിപ്പിച്ച സ്കിറ്റ് ആണ് ഇത്...

-മൂപ്പന്റെ കോടതി-

മൂപ്പന്‍ ഒരു മേശപ്പുറത്ത്(സിംഹാസനം) ഇരിക്കുകയായിരുന്നു..
ഒന്നാമന്‍: “അയ്യോ മൂപ്പാ യത് കണ്ടോ? അയ്യാ അയ്യാ”
മൂപ്പന്‍: “എന്താ പ്രശ്നം?”
ഒന്നാമന്‍: “ഇവന്‍ ഏന്‍ പശു കാല് തല്ലിയൊടിച്ചു മൂപ്പാ.. അയ്യോ അയ്യോ...“
മൂപ്പന്‍: “സത്യമാ‍?”
രണ്ടാമന്‍: “ന്റെ മൂപ്പാ.. ഇത് കേക്കണേ.. യവന്‍ എന്റെ വീട്ടില്‍ ചാടികയറി വന്നതു കോണ്ടാ പറ്റിയത്”
മൂപ്പന്‍: “മലദൈവങളേ ഒന്നും മനസിലാവണില്ല..”
രണ്ടാമന്‍: “ ന്റെ മൂപ്പാ.. യവന്‍ ഏന്‍ വീട്ടില്‍ കയറി വന്നപ്പാ ഏന്‍ ഭാര്യ പായില്‍ കെടക്കുവായിരിന്ന്”
മൂപ്പന്‍: “ഹും”
രണ്ടാമന്‍: “അപ്പ ഏള് മാസം ഗപ്പിണിയായിരിന്ന ഏന്‍ ഭാര്യടെ ഗര്‍പ്പം യവന്‍ ചവിട്ടി”
മൂപ്പന്‍ : “എന്ത്?”
രണ്ടാമന്‍: “ഏന്‍ ഭാര്യ ഗര്‍ഭം പോയി,ങീ ങ്ങീ...“ (കരയുന്നു)
മൂപ്പന്റെ മുഖത്ത് വിഷാദ ഭാവം
ഒന്നാമന്‍: “ഏന്‍ അത് അറിയാതെ ചവിട്ടി, അറിയാതെ പായി, അയിനിക്കോണ്ട് ഏന് പശൂനെ കാല്‍ ഒടിച്ച്”
മൂപ്പന്‍: “നിര്‍ത്തിന്‍.., ഞാമ്പറയാം എന്നതാ ചെയ്യണ്ടേന്ന്..”
ഒന്നാമനും രണ്ടാമനും കൂടെ : “ശരി”.
മൂപ്പന്‍ ആലോചിച്ചു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു
മൂപ്പന്‍ (രണ്ടാമനോട്): “ഏന്നതായാലും പശുക്കാല്‍ ഒടിച്ചിത് ശരിയല്ല, നീ ഒരു കാര്യം ശെയ്യ്, നീ പശുനേ കൊണ്ടോയ് ഒരു ഏള് മാശം വെയ്യ്, കാല് ശരിയായി കൊടുത്താല്‍ മതി.“
മൂപ്പന്‍ (ഒന്നാമനോട്) : “നീയേതായാലും ചവിട്ടി കലക്കി യതും ശരിയല്ല, നീയും ഒരു ഏള് മാശം കൊണ്ട് പോയിക്കോ.. ശരിയായി കഴിഞ്ഞ് തിരിയേ കൊടുത്തോണ്ടാ മതി”

September 22, 2007

ഡിജിറ്റല്‍ ചിത്രങ്ങള്‍

മകനേ നിനക്കു നല്‍കാന്‍, പുലരിയിലേ
കുളിര്‍മഴയില്ല, പാല്‍നിലാവിന്‍ ശോഭയുമില്ല
കിളികള്‍ തന്‍ കൂജനമില്ല, നിറ-
ക്കൊന്നതന്‍ ഭംഗിയുമില്ല, അരുവിതന്‍
കളകളാരവം കേള്‍ക്കുവാനുമില്ല

അച്ഛന്‍ നിനക്കായ് കരുതാം ഈ
അപൂര്‍വ്വതകള്‍ എന്റെ കമ്പ്യൂട്ടറിന്‍ ഓര്‍മ്മയില്‍
എങ്കിലും മകനേ നീ ഇവയുടെ
ആഴവും പരപ്പും, സുഗന്ധവും
അറിവതെങ്ങിനേ, ആസ്വദിപ്പതെങ്ങിനേ?

കിളികൂജനം നീ കേള്‍പ്പതെങ്ങിനേ?
പുലരിതന്‍ ചന്തം അറിവതെങ്ങിനേ?
പൂത്തകൊന്നകള്‍ കാണ്‍വതെങ്ങിനേ?
ഡിജിറ്റല്‍ ചിത്രങ്ങള്‍, ഇവയക്ക് മണമില്ല,
തണുപ്പില്ല, പുളകവുമില്ല...

എങ്കിലും നിന്‍ മിഴികള്‍ക്ക് നിറവേകാന്‍,
നിന്‍ മനസിലോര്‍മ്മയാവാന്‍
അച്ഛന്‍ കരുതാം കുറേ ഡിജിറ്റല്‍ ചിത്രങ്ങള്‍
ആ ചിത്രങ്ങള്‍ നിന്‍ പുലരികള്‍ക്ക്
നിറമേകട്ടേ, അര്‍ത്ഥമേകട്ടേ...


* പ്രകൃതിയുടെ ഭംഗി തന്റെ അടുത്ത തലമുറയ്ക്ക് നഷ്ട്ടമാകുമോ എന്ന് വിഷമിക്കുന്ന ഒരച്ഛന്‍, അവ ഒരു ഡിജിറ്റല്‍ ചിത്രമാക്കാന്‍ ശ്രമിക്കുന്നു.. മണവും അനുഭൂതിയും പകരാന്‍ കഴിയാത്ത ചിത്രങ്ങള്‍

September 20, 2007

നിഗൂഡമാം മൗനം

മൗനം... സാഗരസമാനമാം മൗനം
ഏകാന്തതേ നിന്റെ ഭാഷയാണോ?
അതോ, നിന്‍ പ്രീയ കനവിന്റെ ഭാഷയിതോ?
എങ്കിലും എന്തിനീ നിഗൂഡമാം മൗനം

മൗനത്തിന്‍ അര്‍ത്ഥതലങ്ങള്‍ തേടി ഞാന്‍ അലയുമ്പോള്‍
നിന്മൊഴികള്‍ ശ്രുതിമഴയായ് പെയ്യുമെന്നും
അതെന്നില്‍ ആത്മഹര്‍ഷത്തിന്‍ കുളിര്‍ നിറയ്ക്കുമെന്നും
ഞാന്‍ നിനച്ചിട്ടും എന്തേ നീ മൗനം തുടരുന്നു?

എങ്കിലും ഞാന്‍ അറിയുന്നു പ്രിയേ, നിന്‍ -
മൗനം പോലും പ്രിയതരമെന്ന്
അതില്‍ നിറയുന്ന ചെറുതേന്‍കണം
എന്നും എന്നോടുള്ള പ്രണയമെന്ന്.

നിന്‍ മിഴിയും മനവും, അതി വാചാലമായ്
ഒരു പ്രണയകാവ്യം രചിക്കുമെന്നും
പിന്നെ ഞാനതിന്‍ നായകനാകുമെന്നും
എന്നും നീ എന്റേതു മാത്രമെന്നും

എങ്കിലും എന്തേ നീ ഈ മൗനം തുടരുന്നു
എന്‍ ശുഭപ്രതീക്ഷകള്‍ അറിയാതെ പോകുന്നു
എന്‍ കനവുകളില്‍ നിത്യസാനിദ്ധ്യമായ്
എന്നില്‍ ചൊരിയൂ നിന്‍ അമൃതധാര.



* ഞാനും ഭാര്യയും കൂടി എഴുതിയത്...

September 17, 2007

വിസമ്മതം : കവിത.

മരണമേ നീ എന്നേ മാടിവിളിക്കയോ?
എന്‍ മനസിലേ മത്താപ്പൂ കാണാതിരിക്കുന്നോ?
എന്‍ പ്രതീക്ഷതന്‍ അഗ്നി അറിയുന്നില്ലേ നീ
എന്നിട്ടും എന്തേ നീ ക്ഷണിപ്പതെന്നേ?

എന്‍ മൗനനൊമ്പരങ്ങള്‍ അടക്കി
യാത്രതിരിക്കാനോ?
നിന്റെ വഴിയേ അനുഗമിക്കേണമോ?
എന്റെ സുഖമുള്ള നൊമ്പരങ്ങളുടെ ലോകം
നിനക്കന്യം
എന്നെ തനിച്ചാക്കി പോകുക നീ പോകുക നീ

ഞാനെന്റെ ജീവിതയാത്ര തുടരട്ടെ
എന്റെ കര്‍മ്മ പന്ഥാവില്‍ നടക്കട്ടേ
നിറക്കൂട്ടുകള്‍ നിറഞ്ഞൊരീ ജീവിതം
അറിയട്ടേ, നന്നായി ആസ്വദിക്കട്ടേ

ജന്മ, ജന്മാന്തരങ്ങളില്‍ ഒന്നായി
വാഴട്ടേ ഞാനെന്റെ പ്രിയസ്വപ്നത്തോടോപ്പം
കര്‍മ്മ ബന്ധത്തില്‍ മുക്തയാം എന്നേ
തനിച്ചാക്കി പോക മരണമേ ദൂരെ....


--
അവള്‍ എപ്പോഴോ തുടങി എപ്പോഴോ അവസാനിപ്പിച്ച കവിത.. ഇത് വെളിച്ചം കണ്ടിട്ടില്ല.. (ഇപ്പോഴാ കാണുന്നേ..)

September 15, 2007

മ‍ൗ‍നനൊമ്പരം

അസ്തമനത്തിന്റെ അരുണിമയില്‍
അതിന്റെ അജ്ഞാത സൌന്ദര്യത്തില്‍
സ്വന്തം ഭൂമിയേവിട്ടു പിരിയേണ്ടി വരുന്നൊരു
സൂര്യന്റെ മ‍ൗ‍നനൊമ്പരം അറിയുന്നു
ഞാന്‍ എന്നും അറിയുന്നു.

September 7, 2007

സ്വതന്ത്ര ബ്ലൊഗ്ഗിങ് - എന്നാ പുകിലാണേ..!

കുടുബം.. കൂട്ടായ്മ.. മണ്ണാങ്കട്ട.. ഇതൊന്നും അല്ല വിഷയം.. കമ്മന്റ്, സ്വതന്ത്ര ബ്ലോഗിങ്, വിവാദം എന്നിവയാണോ എന്നു ചോദിച്ചാല്‍ ശോ.. നിങളുടെ ഒരു കാര്യം..

എന്താ ഈ സ്വതന്ത്ര ബ്ലൊഗ്ഗിങ്?
ഞാന്‍ കുറച്ചു പേരോട് ചോദിച്ചൂ ഈ ചോദ്യം... ആറ്ക്കും കറക്റ്റ് ഉത്തരം പറയാന്‍ ഇല്ല.. ചില ബ്ലോഗുകളില്‍ ഇതിനേ കുറിച്ച് എഴുതിയത് കണ്ടിട്ടാണ് ഞാന്‍ ഈ ചോദ്യവുമായി നടക്കന്‍ തുടങിയത്...(സോറി ആര്‍ക്കും കമന്റ് ഇടാന്‍ പറ്റിയില്ല കേട്ടോ!)
രക്ഷയില്ല.. എന്നാല്‍ പിന്നെ ഞാന്‍ ഒന്ന് ഡിഫൈന്‍ ചെയ്യാം എന്നു വെച്ചു.. അപ്പോളാണ് ഡെഫെനീഷനുകള്‍ എന്റെ മനസില്‍ നിറഞു കവിയാന്‍ തുടങിയത്..

സ്വതന്ത്രമായി ചിന്തിച്ച്, സ്വതന്ത്രമായി എഴുതി സ്വതന്ത്രമായി വായിക്കുന്നവ... (കൊള്ളാം അല്ലേ?.. )

പക്ഷെ ഇതില്‍ ഫുള്‍ സ്വതന്ത്ര്യം ഉണ്ടോ?.. ഇവിടെയുള്ള മലയാളം ബ്ലോഗുകള്‍ സ്വതന്ത്രമാണോ?
അല്ല എന്നാണ് എനിക്കു തോന്നുന്നത് (ഇത് എനിക്ക് “തോന്നുന്നതാ“ എന്നേ ധ്വനി ഒള്ളു)
കൂടുതല്‍ ആള്‍ക്കരും ഫ്രീ സര്‍വീസുകളേ അല്ലേ ആശ്രയിക്കുന്നത്? പ്രൊവൈഡര്‍ അനുവദിക്കുന്ന സ്വാതന്ത്ര്യം അനുഭവിക്കുന്നു
(എക്സാമ്പിള്‍ : ഞാന്‍ ഗൂഗിള്‍ ക്രോളര്‍ എന്റെ എല്ലാ പേജും ക്രാള്‍ ചെയ്യണം എന്നു വിചാരിച്ചാല്‍ നടക്കുമോ? ഇല്ല.. ലേബലുകള്‍ ഉള്ളിടത്തോളം നടക്കില്ല.. മനസിലായില്ല എങ്കില്‍ ഗൂഗിളില്‍ robot.txt and blogger സേര്‍ച്ച് ചെയ്യൂ..)

പിന്നേയും പ്രശ്നം.. അത് കമ്മന്റ് അഗ്രഗേറ്റര്‍ യൂസ് ചെയ്യുന്ന കാര്യത്തില്‍ ആണ്... അതു വേണം എന്നും വേണ്ടാ എന്നും രണ്ട് പക്ഷമുണ്ട്.. (വെജിറ്റേറിയന്‍ ആണോ നോണ്‍ വെജിറ്റേറിയന്‍ ആണോ എന്നു ചോദിക്കുന്ന പോലെയാണ് ഇത്, ഞാന്‍ വെജിറ്റേറിയന്‍ ആണേ ;) ).. അത് ഓരോരുത്തരുടെ പേര്‍സണല്‍ ഇഷ്യൂ.. പക്ഷേ കമ്മന്റ് ആരും കാണുകയ്യേ വേണ്ടാ എന്നും അത്രക്കും കുറച്ചു ഹിറ്റ്സ് മതി എന്നും പറഞാല്‍? സത്യം, എനിക്ക് (എനിക്ക് മാത്രം) ദഹിക്കുന്നില്ല(പാടില്ല എന്ന് ഞാന്‍ പറയില്ല)... അങനെയാണ് എങ്കില്‍, ബ്ലോഗ് റോളുകളില്‍ പേര് വരരുത് എന്ന് ബ്ലോഗ്ഗര്‍മാര്‍ എന്തുകൊണ്ട് പറയുന്നില്ല? ലിങ്ക് ബാക്കുകള്‍ എന്തുകൊണ്ട് ഡിസേബിള്‍ഡ് ആക്കുന്നില്ല? ഒരു കണ്ടന്റ് സേര്‍ച്ചബിള്‍ ആക്കുന്നത് ലിങ്കുകള്‍ ആണ്. ലിങ്കില്ലാ എങ്കില്‍ വെറും വട്ടപൂജ്യം(അത് കൊണ്ടാകും) ...(ഇതിനുള്ള ഉത്തരം: പേര്‍സണല്‍ പ്രിഫറന്‍സ്)

ഞാന്‍ സ്വതന്ത്ര ബ്ലോഗിങ് നടത്താറില്ല.. കാരണം ഞാന്‍ പോസ്റ്റുമ്പോള്‍ കുറേയേറെ ലൊക്കേഷനുകളില്‍ പോയി അപ്പ്ഡേറ്റഡ് ആകും.. ചിലപ്പോള്‍ ഇ മെയിലില്‍ ലിങ്ക് അയക്കും, ചിലപ്പോള്‍ എന്റെ ഗൂഗിള്‍/യാഹൂ സ്റ്റാറ്റസ് തന്നെ ബ്ലോഗ് യൂ ആര്‍ എല്‍ ആയിരിക്കും... ഇതൊന്നും ഇല്ലായിരുന്നു എങ്കില്‍...?
ഞാന്‍ മറുമൊഴിയില്‍ അംഗമാണ്.. മെയില്‍ സബ്സ്ക്രൈബ് ചെയ്തിട്ടും ഉണ്ട്.. അതില്‍ അവസാ‍നം കണ്ട ഒന്നു രണ്ട് ലിങ്കുകളില്‍ കയറുകയും ഞാന്‍ വന്നിരുനു എന്നറിയിക്കനുള്ള മര്യാദ കാണിക്കാന്‍ അറ്റ്ലീസ്റ്റ് ഒരു സ്മൈലി ഇടുകയും ചെയ്യും.(ഒന്നു രണ്ട് മൂന്നു നാല്........... പോസ്റ്റുകളില്‍ മിസ്സ് ചെയ്തിട്ടുണ്ട്).

മലയാളം ബ്ലോഗുകള്‍ കുതിക്കുന്നു... എങ്ങോട്ട്?

Disclaimer: ഞാന്‍ ഒരു മൊഴി യുടേയും അഡ്മിന്‍ ടീമില്‍ അംഗമല്ല(ആരെല്ലാമാ അഡ്മിന്‍ എന്നറിയാന്‍ വഴികള്‍ ഉണ്ടല്ലോ..!)... ഒരു മൊഴികളും പ്രൊമോട്ട് ചെയ്യാന്‍ നടക്കുകയല്ല. ഈവക സംരംഭങളില്‍ നിന്നും എനിക്കൊരു ലാഭവും ഇല്ല.‍.. പിന്നേ ഈ പോസ്റ്റ് എന്തിന്? ആ അറിയില്ല.. ഇത് കുറച്ചു ടെക്ക്നിക്കല്‍ ആസ്പെക്റ്റ്സും ഇമോഷണല്‍ ആസ്പെക്റ്റ്സും (പലരുടേയും, വായിച്ചു കമന്റാന്‍ തോന്നിയാല്‍ നിങളുടേയും‍)ചേര്‍ന്നതാ.. പ്ലീസ്, ആരേയും ഇമോഷണല്‍ ആക്കാനും അല്ല ഉദ്ദേശം... ആര്‍ക്കെങ്കിലും വേദന തോന്നുന്ന എന്തെങ്കിലും പ്രസ്താവന ഞാന്‍ നടത്തിയെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു.

ഓഫ്: (പോസ്റ്റിനിടയിലും ഓഫ്) ഐ ഏ എസ് മലയാളത്തില്‍ എഴുതാം എന്ത്കൊണ്ട്..?
നേരത്തെ ഹിന്ദിയില്‍ എഴുതാമായിരുന്നു.. പാസ് ആകുന്നത് മുഴുവന്‍ ബീഹാറികള്‍... തമിഴ്നാട്ടുകാര്‍ ബഹളം വെച്ചു.. തമിഴിലും എഴുതണം എന്നും പറഞ്.. എന്നാല്‍ ഇന്നാ എല്ലാ ഭാഷയിലും എഴുതിക്കോ എന്നായി സ്റ്റാന്‍ഡ്... ഇതാ ബ്ലോഗ്ഗറും ദേവനാഗരി/ഹിന്ദി തുടങി.. തമിഴാ.. ബഹളം വെക്കൂ....
(ഒന്നു ചിരിക്കന്നേ....)

September 5, 2007

“ഒരു ജനനം കൂടി...”

കുറേ നാളായുള്ള ശീലമല്ലേ? അവള്‍ ചാരെ ഇല്ലെങ്കില്‍ രാത്രികള്‍ നിദ്രാവിഹീനങള്‍ ആകുന്നു..
അങനെ പഴയ കാര്യങള്‍ ഓര്‍ത്തെടുത്തപ്പോള്‍ ആണ് അവള്‍ എഴുതിയ വേറൊരു കവിതയെ പറ്റി ഓര്‍ത്തത്..
ആദ്യത്തേക്കാള്‍ എനിക്കിഷ്ട്ടമായത് ഇതാണ്...

“ഒരു ജനനം കൂടി”

ജനിച്ചൂ, ഒരു പുത്രന്‍ കൂടി ഭൂമിയില്‍
അവന്റെ ആഗമനത്തിന്‍ പെരുമ്പറ
ദിഗന്തങള്‍ കിടുങ്ങുമാറുച്ചത്തില്‍ മുഴക്കവേ
ജനിച്ചൂ, ഒരു പുത്രന്‍ കൂടി ഭൂമിയില്‍
ഹൃദയത്തിന്‍ മുറിവുകളില്‍ നിന്നുമൊരിറ്റ്,
ചുടു നിണം അവളുടെ മാറില്‍ വീഴ്ത്താന്‍
അവളുടെ മിഴികളൊരു കണ്ണീര്‍ പുഴയാക്കാന്‍
വീണ്ടുമൊരു പുത്രന്‍ ജനിച്ചു.
മാതൃത്വത്തിന്റെ ഇടിതാളമവളുടെ
നെഞ്ചറകളിലൊരു ദുന്ദുഭി മുഴക്കുമ്പോള്‍
അവളുടെ മുലകളില്‍ രുധിരത്തിന്‍
സ്വാദു തിരയുന്നൊരോമല്‍ പുത്രന്‍ ജനിച്ചു.
അവളുടെ നെഞ്ചില്‍ കുടികൊള്ളും സ്നേഹ-
ത്തിനാഴമറിയാത്തൊരാ, മകന്‍
ആ മനോപുഷ്പ്പത്തെ വെട്ടുന്നു, കുത്തുന്നു
ഒരടര്‍ക്കളമാക്കി മാറ്റുന്നു.
അവളില്‍ വിങ്ങുന്ന ദു:ഖസാഗരത്തി-
നാഴമറിയുന്നൊരീ ഞാന്‍, നിസ്സഹായയായി
‘ഭൂമിക്കൊരു ചരംഗീതം’ കുറിച്ച പ്രവാചകാ,
അങുതന്‍ വാക്യങള്‍ ആവര്‍ത്തിക്കട്ടെ
‘ആസന്നമരണയാണു ഭൂമി
മാനഭംഗത്തിന്റെ മാറാപ്പുമേന്തിയവള്‍
സൌരയൂഥവീഥികളിലെങ്ങോ അലയുന്നു’
ദേവീ, നിനക്കുഞാന്‍ സ്വച്ഛന്ദമൃത്യു നേരുന്നു.
നിന്നിലെ ആത്മാവിനവസാന സ്പന്ദനം
വരേയും നിനക്കായ് പ്രാര്‍ത്ഥിക്കാം ഞാന്‍.
അമ്മതന്‍ മാറില്‍ കൊലക്കത്തി താഴ്ത്തും
മറ്റൊരു മകളായി മാറാതിരിക്കാം.

September 4, 2007

“നിനക്കായി മാത്രം..”

ലക്ഷ്മിയെ ഞാന്‍ ആദ്യമായ് കാണുന്നത് ഡിഗ്രിയില്‍ ആദ്യ ക്ലാസ്സിലാണ്.. അന്ന് സയന്‍സ് വേണ്ടാ എന്ന് വെച്ചത് എന്തിന് എന്ന് ഇങ്ലീഷ് സാര്‍ ചോദിച്ചപ്പോള്‍ എന്നെ സ്പ്പോര്‍ട്ട് ചെയ്ത കുട്ടി എന്നാണ് ആദ്യ റിലേഷന്‍.. പിന്നീട് ഞങള്‍ ഫ്രണ്ട്സ് ആയി.. ഉച്ചക്ക് ഉണ്ണാന്‍ പോകുന്നത് ഒരുമിച്ചായിരുന്നു... അവള്‍ ഇല്ലാത്ത ക്ലാസ് മുറികളില്‍ കയറുവാന്‍ എനിക്കും ബുദ്ധിമുട്ടായിരുന്നു.. അല്ലേലും ലക്ഷ്മിയില്ലാതെ എന്തു വിഷ്ണു അല്ലേ?
ഡിഗ്രി തേര്‍ഡ് ഇയറില്‍ ഇനി പിരിയാന്‍ പറ്റില്ല എന്ന് ഞങള്‍ക്ക് മനസിലായി.. (അത് രണ്ട് പേരും പറഞിട്ടുമില്ല..) ഇപ്പോള്‍ ഞങള്‍ ഒന്നാ :)

സെക്കന്‍ഡ് ഇയറില്‍ അവള്‍ ഒരു കവിത എഴുതി... അത് ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്‍സ് മാഗസീനില്‍ പബ്ലിഷ് ചെയ്തു... അതിവിടെ ചേര്‍ക്കുന്നു..

-----------------------------------------------------------------------
“നിനക്കായി മാത്രം..”

എന്നുമെന്‍ ഏകാന്തസ്വപ്നങളിലെല്ലാം
നിറമുള്ള മോഹമായ് നീ ഉണ്ടായിനുന്നു.
ആ ഹര്‍ഷനിമിഷങളിലെല്ലാം നിന്‍
ചേതനയില്‍ ലയിക്കാന്‍ കാത്തു ഞാന്‍
നിന്നിലേ താളമായ്, ലയമായ്, ദ്രുതരാഗസംഗമമായ്
ആനന്ദവീചികള്‍ ഉതിര്‍ക്കാന്‍ കൊതിച്ചൂ ഞാന്‍.
എന്‍ മനം തപ്തനിശ്വാസങള്‍ കൊഴിക്കവേ
ഒരു കുളിര്‍ക്കാറ്റായ് നീ വീശുമെന്നും നിനച്ചു.
നിന്റെയാ ആത്മാവാം തെന്മാവില്‍ ഞാനൊരു
തളിര്‍മുല്ലയായ് പടരാന്‍ കൊതിച്ചൂ.
നിന്റെ സുഖദു:ഖസമ്മിശ്ര ജീവിതമൊരു,
തീര്‍ത്ഥജലബിന്ദുവായ് നുകരാന്‍ കൊതിച്ചു.
എന്നിലെ ഞാനായ് നീ മാറുമാ നിമിഷത്തില്‍
പേടമാന്‍ നൃത്തംചെയ്യാന്‍ കൊതിച്ചു.
മഴകാക്കും വേഴാമ്പലായി ഞാന്‍ നിനക്കായ്
കാക്കട്ടെ നിനക്കായ് മാത്രം.
നിറം പിടിപ്പിച്ചൊരെന്‍ മണ്‍ചിരാതിലെണ്ണ
തീരാറായ്, ദീപം പൊലിയാറായ്.
പ്രകാശമേന്തുമൊരു മിന്നാമിനുങായെന്‍
മണ്‍ചിരാതില്‍ നീ ദീപം പകരുമോ?
നിന്‍ സ്നേഹസമുദ്രത്തില്‍ നിന്നിറ്റുതുള്ളിയാല്‍
ആ തിരിയില്‍ എണ്ണ പകരുമോ?
നിന്‍ നന്മയുടെ സുഗന്ധത്താലെന്‍
ചിരാതിനു ചുറ്റും സൌരഭ്യം പരത്തുമോ?

-----------------------------------------------------------------------

ഇത് അവള്‍ എനിക്കു വേണ്ടി എഴുതിയതാ... ഇന്ന് അവള്‍ അവളുടെ വീട്ടിലേക്ക് പോയി... ഏഴാം മാസം വിളിച്ചോണ്ട് പോയതാ. :)